ചെറായി: കാർ മറിഞ്ഞ് മുപ്പത്തഞ്ചുകാരി മരിച്ചു. രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവം. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സബീന(35) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്നും ചെറായി ബീച്ചിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിന് മുമ്പിൽ തെരുവുനായ ചാടിയതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കായലിൽ വീണു. കാറിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് ഒഴുക്കും വെള്ളക്കൂടുതലും ഉള്ളതിനാൽ പുറത്തിങ്ങാൻ കഴിഞ്ഞില്ല.
നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സബീന മരിച്ചിരുന്നു. അബ്ദുൽ സലാം അപകടനില തരണം ചെയ്തു.