മരിച്ചിട്ട് പതിനേഴുവര്‍ഷം, തെല്ലും അഴുകാതെ കാര്‍ലോ അക്യുറ്റീസിന്റെ ഭൗതീക ദേഹം, വീഡിയോ

0
1461

വിശുദ്ധ കുര്‍ബാനയെ ജീവനുതുല്യം സ്‌നേഹിച്ച് പതിനഞ്ചാം വയസില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ദിവ്യകാരുണ്യത്തിന്റെ കൂട്ടുകാരന്‍ കാര്‍ലോ അക്യുറ്റീസിന്റെ ഭൗതീക ദേഹം ഇന്നും തെല്ലും അഴുകിയിട്ടില്ല. മരിച്ചിട്ട് പതിനേഴുവര്‍ഷമായെങ്കിലും കാര്‍ലോയുടെ ഭൗതീക ദേഹത്തിന് യാതൊരു കേടുപാടുമില്ല.

2006ഒക്ടോബര്‍ 12ന് കാര്‍ലോ ഈ ലോകത്തില്‍നിന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ, താന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവിട്ട അസീസിയില്‍തന്നെ അന്ത്യവിശ്രമം ഒരുക്കി. ഇന്നും അവിടെ ചെന്നാല്‍ പുഞ്ചിരിച്ച് ദൈവസന്നിധിയില്‍ നമുക്കായ് മാധ്യസ്ഥം വഹിക്കുന്ന കാര്‍ലോയെ നമുക്ക് കാണാം.
അന്‍ഡ്രേയ അക്യുറ്റിസ്- അന്റോണിയാ സല്‍സാനോ ദമ്പതികളുടെ മകനായി 1991 മേയ് മൂന്നിന് ലണ്ടനിലാണ് കാര്‍ലോ അക്യുറ്റിസ് ജനിച്ചത്. ലണ്ടനിലും ജര്‍മനിയിലുമായി ജോലി ചെയ്തിരുന്ന ഇവര്‍, കാര്‍ലോയുടെ ജനനത്തിനുശേഷം മിലാനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിച്ചിരുന്ന കാര്‍ലോ ആറാമത്തെ വയസിലാണ് ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിക്കുന്നത്. കത്തോലിക്കരാണെങ്കിലും വിശ്വാസജീവിതത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കാത്തവരായിരുന്നു മാതാപിതാക്കള്‍.

എങ്കിലും മകന്റെ ആഗ്രഹം സഫലമാക്കാന്‍ ഇടവക വികാരി ഫാ. ആല്‍ഡോ ലോക്കറ്റെല്ലിയെ സമീപിച്ചു. ആറ് വയസ് എന്നത് കുര്‍ബാന സ്വീകരണത്തിന് സാധാരണ ഗതിയില്‍ അനുവദനീയമല്ലാത്തതിനാല്‍ അദ്ദേഹം രൂപതാധികാരികളോട് അനുവാദം തേടി. കുട്ടിയുടെ ആത്മീയ പക്വതയും ക്രിസ്തീയ രൂപീകരണവും ഉറപ്പാക്കിയശേഷം അനുമതി നല്‍കിയതിലൂടെ ഏഴാം വയസില്‍ കാര്‍ലോ ദിവ്യകാരുണ്യനാഥനെ ആദ്യമായി രുചിച്ചറിഞ്ഞു. 1998 ജൂണ്‍ 16 ആയിരുന്നു ആ സുദിനം. അന്നു മുതല്‍, പരിശുദ്ധ കുര്‍ബാനയോടുള്ള വലിയ സ്നേഹം കാര്‍ലോയില്‍ വളര്‍ന്നു.

അനുദിനം പരിശുദ്ധ കുര്‍ബാന സ്വീകരിച്ച കാര്‍ലോ ദിവ്യബലിക്കുമുമ്പോ ശേഷമോ അര മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നതും ശീലമാക്കി. പ്രാര്‍ത്ഥനയുടെ ഈ നിമിഷങ്ങളില്‍, യേശുവിന്റെ മുമ്പാകെ നില്‍ക്കുന്നതിലൂടെ ഒരു വിശുദ്ധനാകുമെന്ന് അവനു ബോധ്യമായി. പരിശുദ്ധ കുര്‍ബാനയെ ‘സ്വര്‍ഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് കാര്‍ലോ വിശേഷിപ്പിച്ചത്. ആഴ്ചയിലൊരിക്കല്‍ കുമ്പസാരിക്കുന്നത് പതിവാക്കിയ കാര്‍ലോ ഇടവകയുടെ പ്രവര്‍ത്തങ്ങളിലും സജീവ സാന്നിധ്യമായി.

അസീസിയിലായിരുന്നു അവന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഈശോയോടുണ്ടായിരുന്ന സ്നേഹവും ഭക്തിയും കാര്‍ലോയെ സമപ്രായക്കാരില്‍നിന്ന് വ്യത്യസ്തനാക്കി മാറ്റിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയവരുടെ മക്കളായ സഹപാ~ികളെ പ്രത്യേകം കരുതിയ കാര്‍ലോ അവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നതും അവര്‍ക്കൊപ്പം സമയം ചെലവിടുന്നതും പതിവായിരുന്നു. അതുപോലെ, ഭിന്നശേഷിക്കാരായ കുട്ടികളുമായി സൗഹൃദം ഉണ്ടാക്കുന്നതിലും അവരെ കളിയാക്കുന്നവരെ സ്നേഹത്തോടെ തിരുത്തുന്നതിലും കാര്‍ലോ ശ്രദ്ധവെച്ചു.

കളിക്കളത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെട്ട കാര്‍ലോയ്ക്ക് വീഡിയോ ഗെയിമുകളോട് പ്രത്യേക കമ്പം തന്നെയുണ്ടായിരുന്നു. എങ്കിലും ആത്മീയമായ അച്ചടക്കം ഉറപ്പാക്കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനപ്പുറത്തേക്ക് വീഡിയോ ഗെയിം നീളാതിരിക്കാനും അവന്‍ ശ്രദ്ധിച്ചു. കംപ്യൂട്ടര്‍ പ്രോഗ്രാമിനോട് കൂടുതല്‍ താല്‍പ്പര്യം വളര്‍ന്നതും ഇക്കാലത്താണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ അതിവേഗം പ്രതിഭാശാലിയായി മാറിയ അവന്‍, ആ കഴിവും ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി വിനിയോഗിക്കാനാണ് ആഗ്രഹിച്ചത്.

11-ാം വയസില്‍ വിശുദ്ധ കുര്‍ബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവന്‍ കംപ്യൂട്ടറില്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ തന്നെ കൊണ്ടുപോകണമെന്ന് കാര്‍ലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തെ പ്രയത്നത്തിലൂടെ, പല നൂറ്റാണ്ടുകളിലായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 142 ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അക്യുറ്റിസ് ഒരു വെബ്സൈറ്റും തയാറാക്കി. അഞ്ചു ഭൂഖണ്ഡങ്ങളില്‍ വെര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനവും നടത്തി.

കൂടാതെ, കത്തോലിക്കാ സഭ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും കാര്‍ലോ തന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. ഇവയ്ക്കുപുറമേ സ്വര്‍ഗം, നരകം, ശുദ്ധീകരണ സ്ഥലം എന്നിവയെ കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളും മാലാഖമാരുടെ പ്രത്യക്ഷീകരണം, പിശാചിന്റെ പ്രലോഭനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരണങ്ങളും വെബ്സൈറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ലുക്കീമിയ സ്ഥിരീകരിക്കുകയും അതിന്റെ ക്ലേശദിനങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമ്പോഴായിരുന്നു വിവരശേഖരണത്തിനായുള്ള യാത്രകള്‍. എങ്കിലും ദുഃഖത്തിന്റെ ലാഞ്ചനപോലും കാര്‍ലോ പ്രകടിപ്പിച്ചില്ല. തന്റെ സഹനങ്ങള്‍ ക്രിസ്തുവിനെപ്രതി സഭയ്ക്കുവേണ്ടിയും പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പിക്കുന്നുവെന്നാണ് കാര്‍ലോ പറഞ്ഞത്. ദൈവത്തിനിഷ്ടമില്ലാത്ത കാര്യത്തിനായി ഒരു മിനിറ്റുപോലും നഷ്ടപ്പെടുത്താതെ ജീവിച്ചതിനാല്‍ തനിക്കു മരിക്കാന്‍ മടിയില്ലെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട് കാര്‍ലോ.

2006ഒക്ടോബര്‍ 12ന് കാര്‍ലോ ഈ ലോകത്തില്‍നിന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ, താന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവിട്ട അസീസിയില്‍തന്നെ അന്ത്യവിശ്രമം ഒരുക്കി. ലൊമ്പാര്‍ഡ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫെറന്‍സ് 2013ലാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്. ഉത്തമ ക്രൈസ്തവനുചേര്‍ന്ന വിരോചിത ജീവിതം നയിച്ചു എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ ഫ്രാന്‍സിസ് പാപ്പ ധന്യരുടെ നിരയില്‍ ഉള്‍പ്പെടുത്തി.

ബ്രസിലീലെ മാത്യൂസ് വിയന്ന എന്ന രണ്ടു വയസുകാരന് കാര്‍ലോയുടെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് വഴിയൊരുക്കിയത്. വിശുദ്ധാരാമത്തിലേക്കുള്ള യാത്രയില്‍ ഇനി ഒരു അത്ഭുതസൗഖ്യത്തിന്റെ ദൂരം മാത്രം. അത് എത്രയും പെട്ടെന്ന് സാധ്യമാകട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസീസമൂഹം.