വരന്റെ കൂട്ടുകാര്‍ക്ക് ചിക്കന്‍കറി നല്കിയില്ല. വിവാഹം മുടങ്ങി

0
61

ഹൈദരാബാദ്: വിവാഹ വീട്ടില്‍ വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പാത്തതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഹൈദരാബാദിലെ ഷാപൂര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് രസകരമായ സംഭവം. ജഗദ്ഗിരിഗുട്ട റിങ് ബസ്തിയില്‍ സ്വദേശിയായ വരനും കുത്ബുല്ലാപൂരില്‍ നിന്നുള്ള യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു. ഷാപൂര്‍ നഗറിലെ ഓഡിറ്റോറിയത്തിലാണ് വിരുന്ന് നടത്താന്‍ തീരുമാനിച്ചത്.

വധൂവരന്മാര്‍ മാര്‍വാഡി കുടുംബത്തില്‍പെട്ടവരായതിനാല്‍ സദ്യ അവര്‍ വെജിറ്റേറിയനായിരുന്നു. വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാര്‍ ഊണ് കഴിക്കാന്‍ എത്തി. അവര്‍ ചിക്കന്‍ കറി ഇല്ലാത്തതിനാല്‍ വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം വധുവിന്റെയും വരന്റെയും കൂട്ടര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു.

തുടര്‍ന്ന് വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ ജെഡിമെട്ട്ല സിഐ പവനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി. തുടര്‍ന്ന് ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം വീണ്ടും നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് വധുവും വരനും.