സേവ്ദി ഡേറ്റ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവും യുവതിയും മുങ്ങിമരിച്ചു

0
1016

മൈസൂരു: സേവ് ദി ഡേറ്റ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവും യുവതിയും മുങ്ങിമരിച്ചു. കർണാടകയിലെ തലക്കാടിൽ കാവേരി നദിയിലാണ് അപകടം. കയ്തമാരണഹള്ളി സ്വദേശിയും സിവിൽ കോൺട്രാക്റ്ററുമായ ചന്ദ്രു(28), വധു ശശികല എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം നവംബർ 22-ന് മൈസൂരിലായിരുന്നു നിശ്ചയിച്ചിരുന്നത്.

വരനും വധുവും ബന്ധുക്കൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പമാണ് മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിൽ എത്തിയത്. വാടകയ്‌ക്കെടുത്ത ബോട്ടുമായി നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവർ റിസോർട്ടിലേക്ക് സംഘം യാത്ര തിരിച്ചു. എന്നാൽ തോണിയിൽ വെച്ച് വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്.

തോണിയിൽ നിൽക്കെ, ഹൈഹീൽഡ് സാന്റലുകൾ ധരിച്ച ശശികല ബാലൻസ് തെറ്റി നദിയിലേക്ക് പതിച്ചു. ചന്ദ്രു ശശികലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. നീന്തലറിയാത്ത ഇരുവരും സംഭവ സ്ഥലത്ത് മരിച്ചു.