പാപമൊരിക്കലും പുണ്യമാകില്ല

0
122

ഷിബു ബ്രദര്‍

പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണ്ടൂ എന്നറിയാതെ പാഞ്ഞുനടക്കുകയാണ്. നമ്മുടെ ഗ്രൂപ്പിലും ചിലര്‍ അംഗങ്ങളെ വഴിതെറ്റിക്കാനായി നുഴഞ്ഞുകയറിയിട്ടുണ്ട്. അവരോട് പറയാനുള്ളത് ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച നല്‍കുന്നതിലും കഴുത്തില്‍ തിരികല്ല് കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുന്നതാണ് നല്ലത് എന്നതാണ്. ദൈവം വിലക്കിയിട്ടുള്ളത് ചെയ്യുന്നതാണ് പാപം. അത് പ്രായത്തിന്റെ ചാപല്യമായാലും വളര്‍ച്ചയുടെ ഘട്ടത്തിലായാലും എന്തെല്ലാം ന്യായം പറഞ്ഞാലും പാപം പാപം തന്നെയാണ്. സ്വയംഭോഗമോ സ്വവര്‍ഗഭോഗമോ വ്യഭിചാരമോ ബൈബിളിലെവിടെയും പാപമല്ല എന്ന് പറഞ്ഞിട്ടില്ല. പാപത്തിന് ശാസ്ത്രീയമായി എന്ത് പിന്തുണ നല്‍കിയാലും പാപം ഒരിക്കലും പുണ്യമാകില്ല. മദ്യപാനിയും വ്യഭിചാരിയും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കില്ല എന്ന് പൗലോസ് ശ്ലീഹ വ്യക്തമായി പറയുന്നു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് മേലില്‍ പാപം ചെയ്യരുതെന്നാണ് ഈശോ പറയുന്നത്.

അതുപോലെ സോദോംഗൊമോറ ദൈവം നശിപ്പിച്ചത് സ്വവര്‍ഗഭോഗം എന്ന പാപം നിമിത്തമാണ്. ആകാശവും ഭൂമിയും കടന്നുപോയാലും എന്റെ വാക്കുകള്‍ക്ക് മാറ്റമില്ല എന്ന് ക്രിസ്തുനാഥന്‍ പറയുന്നുണ്ട്. അപ്പോള്‍ തമ്പുരാന്‍ വിലക്കിയിട്ടുള്ളതെല്ലാം പാപങ്ങളായി തന്നെ അവശേഷിക്കും അത് ഇരുപത്തൊന്നാം നൂറ്റാണ്ടായാലും അമ്പതാം നൂറ്റാണ്ടായാലും. കാരണം ദൈവത്തിന്റെ വാക്കുകള്‍ക്ക് മാറ്റമില്ലല്ലോ. പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയുമാണ് ക്രിസ്തുനാഥന്‍ ചെയ്തത്. അല്ലാതെ പാപത്തെ സ്‌നേഹിക്കുകയല്ല

വിശുദ്ധ പൗലോസ് ഗലാത്തിയയിലെ സഭയ്‌ക്കെഴുതി ലേഖനം അഞ്ചാം അധ്യായം 16 മുതല്‍ ഇങ്ങനെ പറയുന്നു.

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,20 വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം. നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

ദൈവത്തെ അറിയാനും അവിടുത്തെ സ്‌നേഹിക്കാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ലോകമെങ്ങും സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിനായി നാളിതുവരെ ഞാനൊരാളില്‍ നിന്നും ചില്ലിപൈസ ആവശ്യപ്പെട്ടിട്ടില്ല. ദൈവത്തിന്റെ ശുശ്രൂഷയെ ദൈവം നയിക്കും. എന്റെ കര്‍ത്താവായ ദൈവം യേശുക്രിസ്തു വഴി നമുക്കാവശ്യമുള്ളതെല്ലാം നല്‍കും. ആരുടെയും കീശയിലല്ല, ദൈവപരിപാലയിലാണ് നമ്മുടെ ആശ്രയം. അവന്‍ തന്നാല്‍ മാത്രമേ തികയൂ. സാത്താന്‍ നുണയനും നുണയന്റെ പിതാവുമാണ്. പലകാര്യങ്ങളും പറഞ്ഞ് അവന്‍ നമ്മെ വഴി തെറ്റിക്കും. ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കുവിന്‍.