വിദ്യാഭ്യാസസമ്പ്രദായം ഇത്രേം കാലമായിട്ട് എന്ത് തേങ്ങയാണ് ഇവിടെ ചെയ്തത്: ഡോ.ഷിംന അസീസിന്റെ കുറിപ്പ് വൈറൽ

0
507

ഓൺലൈൻ പഠനത്തെപ്പറ്റി ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഓടുന്ന ആ ജീവിക്ക് ഒരു മുഴം മുന്നേ എറിയുന്നതിന്റെ ഭാഗമായി ‘ടീച്ചർ പറയും, കുട്ടി കാണാതെ പഠിക്കും, പേപ്പറിൽ ഛർദ്ദിക്കും, മാർക്ക് വാങ്ങും, മറക്കും’ എന്ന ഫോർമുല ഒന്ന് മാറ്റിപ്പിടിക്കൽ അത്യാവശ്യമാണ്. അല്ലെങ്കിൽ ഇത് ആകെ മൊത്തം കുളമാകുമെന്ന് തോന്നുന്നു. കുറിപ്പിൽ ഷിംന പറയുന്നു

ഷിംന അസീസിന്റെ കുറിപ്പ്;

ഓരോ വീട്ടിലും ഒരു കാട്’ എന്ന മുദ്രാവാക്യവുമായല്ല കൊറോണ വൈറസ് നാട്ടിൽ ലാന്റ് ചെയ്തതെങ്കിലും സ്ഥിതി ഇപ്പോ ഏതാണ്ട് അങ്ങനെയൊക്കെയാണ്. ഗാർഡനിംഗിനെപ്പറ്റിയാണ് പോസ്റ്റ് എന്ന് വിചാരിച്ചോ? യൂ ആർ മിസ്റ്റേക്കൺ. അതല്ല വിഷയം. വിഷയം, മ്മളെ വിദ്യാഭ്യാസസമ്പ്രദായം ഇത്രേം കാലമായിട്ട് എന്ത് തേങ്ങയാണ് ഇവിടെ ചെയ്തോണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചാണ്.
വെൻ ഐ വാസ് ഇൻ എട്ടാം ക്ലാസ്, ഒരു ഭീകരസ്വപ്നം പോലെയാണ് എഞ്ചുവടി പുസ്തകത്തെ അനുസ്മരിപ്പിക്കുന്ന പിരീഡിക് ടേബിൾ മുന്നിൽ വരുന്നത്. ഹൈഡ്രജൻ, ഹീലിയം, ലിഥിയം, ബെറിലിയം എന്നൊക്കെ ആടിയാടി കാണാതെ പഠിച്ചത് പരീക്ഷ പാസാവാനാണ്. അന്ന് പഠിച്ച നൈട്രജനും ഫോസ്ഫറസുമൊക്കെ എന്റെ ചെടികളോട് എന്താണ് ചെയ്യുന്നത് എന്ന് കൗതുകത്തോടെ കാണുന്നത് ജനിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പഴാണ്. ചെടിക്ക് വളമിടുന്നതും എല്ലുപൊടിയും മുട്ടത്തോടും ഇട്ടു കൊടുക്കുന്നതുമൊക്കെ പണ്ടേ കാണാഞ്ഞിട്ടല്ല. പോർഷൻ തീർക്കാനുള്ള പരക്കംപാച്ചിലിനിടയിലും സയൻസ് ടീച്ചർ പയറിന്റെ വേരിൽ ഉണ്ടയുണ്ടാക്കി റൈസോബിയം ബാക്ടീരിയ നൈട്രജൻ കെണി വെച്ച് പിടിക്കുന്ന വിദ്യ സയൻസ് ടീച്ചർ കാണിച്ച് തന്നത് ഓർമ്മയുണ്ട്. സത്യം പറഞ്ഞാൽ, അത് മാത്രമേ ഓർമ്മയുള്ളൂ. പുട്ടിന് തേങ്ങയിടുന്നത് പോലെ വരുന്ന പരീക്ഷ കാത്തിരിക്കുന്നേരം പരീക്ഷണം കാണിച്ചോണ്ടിരിക്കാൻ അവർക്കൊന്നും നേരം കിട്ടിക്കാണില്ല.

ജനിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ട് ഇപ്പഴാണ് വീട്ടിൽ സാധാരണ ചെയ്യുന്ന പല കാര്യങ്ങളുടേയും ശാസ്ത്രീയവിശദീകരണം ചിന്തിക്കുന്നത്. വിനാഗിരിയിൽ കത്തി മുക്കി വെച്ച് തുരുമ്പ് കളയുന്നതും മുറിവിലൊഴിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് അഴുക്ക് പുറന്തള്ളുന്നതും ഒക്കെ സർവ്വത്ര കെമിസ്ട്രി. ആയ പ്രായത്തിൽ ഇതൊക്കെ ഇത് പോലെ ചെയ്ത് മനസ്സിലാക്കി പഠിച്ചിരുന്നേൽ എനിക്ക് അലർജിയായിരുന്ന കെമിസ്ട്രിയെ ഞാനെത്ര സ്നേഹിച്ചേനേ മാത്സിലും ഉണ്ട് ഇങ്ങനെ കുറേ ഏടാകൂടങ്ങൾ… സൈൻ തീറ്റ, കോസ് തീറ്റ… അതൊക്കെ എന്തായിരുന്നോ എന്തോ! അതുങ്ങളെ പേടിച്ചാണ് ഞാൻ പത്താംക്ലാസിൽ മാത്സ് വിട്ടത്. ജ്യോമട്രീലെ ചിത്രം വരയൊക്കെ നല്ല രസായിരുന്നു.

ഈ ‘ഡാറ്റ കുത്തിക്കേറ്റൽ’ പഠിപ്പിക്കലിന്റെ ഏറ്റവും ക്രൂരഭാവം കണ്ടത് ഇതൊക്കെ കഴിഞ്ഞ് മെഡിസിന്റെ ഫൈനൽ ഇയർ പാസായി ഹൗസ് സർജൻസിക്ക് കേറിയപ്പഴാ. തിയറിയൊക്കെ പൊളി, ആണ്ടിനും സംക്രാന്തിക്കും മാത്രം മുന്നിൽ വരുന്ന അപൂർവ്വരോഗങ്ങളുടെ വിശദീകരണമൊക്കെ കട്ടക്ക് പഠിച്ചിട്ടുണ്ട്. തല കറങ്ങി വീണ ആളെ എന്ത് ചെയ്യണമെന്ന് അറിയൂല. ഹൗസ് സർജൻസിയുടെ ആദ്യത്തെ മൂന്നാല് മാസം കൊണ്ടാണ് പ്രായോഗികകാര്യങ്ങൾ ഏതാണ്ടൊന്ന് ലെവലായത്. ‘നാലരക്കൊല്ലം നീയിവിടെ എന്ത് കാണിക്കുകയായിരുന്നു?’ എന്ന് ഞാൻ എന്നെ തന്നെ പുച്ഛിക്കുന്ന സെറ്റപ്പ്. അതിന്റപ്പുറമായിരുന്നു ചുറ്റുമുള്ള ഡോക്ടർമാരുടെ പുച്ഛം(എല്ലാരുമല്ല, സം പീപിൾ ഓൺലി). എന്നാൽ അവർക്ക് ഇതൊക്കെ മുന്നേ അങ്ങ് പഠിപ്പിച്ചാൽ പോരായിരുന്നോ ! അത് പറ്റൂല, അങ്ങനെ സിമ്പിളായിട്ടുള്ള കാര്യങ്ങൾ അവർ ചെയ്യാറില്ലല്ലോ…
ഇപ്പോ മക്കളുടെ ഓൺലൈൻ ക്ലാസുകൾ കാണുമ്പോൾ മിക്ക സമയവും ആ വണ്ടി, അതേ പാളത്തിൽ കിടന്നോടുന്നത് പോലുണ്ട്. പല സമയത്തും ”ഇത്ര സിമ്പിളായ കാര്യങ്ങൾ ഇവരെന്തിനാ ഇങ്ങനെ പരത്തി പറയുന്നത്? ഇതൊക്കെ എനിക്കറിയാവുന്നതല്ലേ? ‘ എന്നൊരു പുത്തൻ ഭീഷണി കൂടി ഇന്റർനെറ്റ് എഡ്യുക്കേറ്റഡ് മക്കൾ പറയുന്നത് ഒരൽപം ഭീതിയോടെ ശ്രവിക്കുന്നുണ്ട്. ഓടുന്ന ആ ജീവിക്ക് ഒരു മുഴം മുന്നേ എറിയുന്നതിന്റെ ഭാഗമായി ‘ടീച്ചർ പറയും, കുട്ടി കാണാതെ പഠിക്കും, പേപ്പറിൽ ഛർദ്ദിക്കും, മാർക്ക് വാങ്ങും, മറക്കും’ എന്ന ഫോർമുല ഒന്ന് മാറ്റിപ്പിടിക്കൽ അത്യാവശ്യമാണ്. അല്ലെങ്കിൽ ഇത് ആകെ മൊത്തം കുളമാകുമെന്ന് തോന്നുന്നു.

ഫോർ എക്സാംപിൾ, കഴിഞ്ഞ ദിവസം മോനോട് ‘നിന്റെ വയസ്സ് എത്രയാണ്?’ എന്ന് ഒരു ഭാഷ ടീച്ചർ ചോദിച്ചു. ആ ഭാഷ അത്യാവശ്യം ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്ന അവൻ ‘എനിക്ക് പത്തായി’ എന്ന് അർത്ഥം വരുന്ന രീതിയിൽ മറുപടി പറഞ്ഞു. ഉടനെ ടീച്ചർ ‘ എന്റെ പ്രായം പത്ത് വയസ്സാകുന്നു’ എന്ന് വേണം ഈ ഭാഷയിൽ പറയാൻ എന്ന് തിരുത്തി. ഇത് കേട്ട് അവനെന്നെ ഒന്ന് നോക്കി, ഞാനവനെ തിരിച്ചും നോക്കി.
കയ്ഞ്ഞ്.
ശുഭം. ശോഭനം.