ബല്ലിയ: അധ്യാപകന്റെ ബൈക്കില്‍ തൊട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പി കൊണ്ടും ചൂല്‍ കൊണ്ടും തല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. അധ്യാപകന്റെ ബൈക്കില്‍ തൊട്ടതിന് ആറാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയ്ക്കാണ് ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നത്.
അധ്യാപകനായ കൃഷ്ണ മോഹന്‍ ശര്‍മയാണ് ദളിത് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. നഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റാണാപുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കൃഷ്ണ മോഹന്റെ മോട്ടോര്‍ സൈക്കിളില്‍ ആറാം ക്ലാസുകാരനായ കുട്ടി തൊട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അധ്യാപകന്‍ ആദ്യം കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഇതിന് ശേഷം ഇരുമ്പ് കമ്പി കൊണ്ടും ചൂല്‍ കൊണ്ടും തല്ലുകയായിരുന്നു. കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. സ്‌കൂളിലെ മറ്റൊരു സ്റ്റാഫ് ആണ് കുട്ടിയെ രക്ഷിച്ചതെന്ന് നഗ്ര പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയായ ദേവേന്ദ്ര നാഥ് ദുബൈ പറഞ്ഞു.
ശനിയടാഴ്ച കുട്ടിയുടെ കുടുംബാംഗങ്ങള്‍ സ്‌കൂളിന് പുറത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (ബിഇഒ) എസ്എച്ച്ഒയും സ്‌കൂളിലെത്തി കുറ്റാരോപിതനായ അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ബിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ അധ്യാപകന്‍ കൃഷ്ണ മോഹന്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മണിറാം സിംഗ് പറഞ്ഞു. കേസില്‍ അന്വേഷണം നടത്തുമെന്നും പൊലീസും അറിയിച്ചു.
ഇതിനിടെ, പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്‌കൂള്‍ സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിയിരുന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ മാര്‍ക്കിന്റെ പേരില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.