കാലിഫോർണിയ: ഹിലാരി കൊടുങ്കിറ്റിന് പിന്നാലെ ദക്ഷിണ കാലിഫോർണിയയിൽ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാന്താ ബാർബറയ്ക്കും വെഞ്ചുറയ്ക്കും ഇടയിലുള്ള ഒജായിയിലാണ്. ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ചില പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി വെഞ്ചുറ കൗണ്ടി ഷെരീഫ് അറിയിച്ചു. 20 സെക്കൻഡ് നീണ്ടു നിന്ന ഭൂകമ്പം സാവധാനത്തിലുള്ള ഉരുൾ പോലെ പ്രദേശവാസികൾക്ക് അനുഭവപ്പെട്ടു. പ്രാരംഭ ഭൂകമ്പത്തെ തുടർന്ന് കുറഞ്ഞത് രണ്ട് തുടർചലനങ്ങളുണ്ടായി.
തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയയിലും വീശിയടിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിലരി മെക്സിക്കോയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാറ്റഗറി 3 കൊടുങ്കാറ്റിൽ നിന്ന് കാറ്റഗറി 2 കൊടുങ്കാറ്റായി ദുർബലമായതായി ദേശീയ കാവലാവസ്ഥ കേന്ദ്രം അറിയിച്ചു. എങ്കിലും മണിക്കൂറിൽ 110 മൈൽ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷ. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം തെക്കൻ കാലിഫോർണിയയുടെ ഒരു ഭാഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സാന്താ റോസ പർവതനിരകളെ കൊടുങ്കാറ്റ് ശക്തമായി ബാധിച്ചേക്കും. ഈ പർവതങ്ങൾ കോച്ചെല്ല താഴ്‌വരയുടെ കിഴക്കൻ ചരിവുകളാണ്. 24 മണിക്കൂറിനുള്ളിൽ 10 ഇഞ്ച് മഴ പെയ്തേക്കാമെന്നും അധികൃതർ അറിയിച്ചു. ഒരു വർഷം ലഭിക്കേണ്ട മഴയ്ക്ക് തുല്യമായ മഴ ഈ സമയത്ത് പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് വൈദ്യുതി മുടക്കത്തിന് കാരണമാകും. തെക്കൻ കാലിഫോർണിയയിലുടനീളം വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് ഡയറക്ടർ നാൻസി വാർഡ് പറഞ്ഞു.
സൗത്ത് വെസ്റ്റ് എയർലൈൻസ് പാം സ്പ്രിംഗ്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യുന്നതിനായി സൗത്ത് വെസ്റ്റുമായി ബന്ധപ്പെടണെമന്ന് അധികൃതർ അറിയിച്ചു
ഹിലാരി അപൂർവവും അപകടകാരിയുമാണ് എന്ന് നാഷണൽ വെതർ സർവീസിലെ ഒരു കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകി. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് കാലിഫോർണിയയിലെ താമസക്കാർക്ക് കൊടുങ്കാറ്റിനെ നേരിടാൻ പിന്തുണ വാഗ്ദാനം ചെയ്തു. ഹിലാരി കൊടുങ്കാറ്റ് തെക്കൻ കാലിഫോർണിയയിലേക്ക് അടുക്കുന്നു, അത് ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റായി കരയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലോറിഡയിൽ കൊടുങ്കാറ്റുകൾ എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ഞങ്ങൾക്കറിയാം. കാലിഫോർണിയയിലെ ജനങ്ങളെ ഏത് വിധത്തിലും സഹായിക്കാൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു.
കൊടുങ്കാറ്റിനെ തുടർന്ന് വീടൊഴിഞ്ഞേക്കാവുന്ന ആളുകൾക്ക് താത്കാലിക ഷെൽട്ടറുകളിലേക്ക് സൗജന്യ യാത്ര നൽകുമെന്ന് ഊബർ അറിയിച്ചു. കാലിഫോർണിയ സംസ്ഥാനത്തിന്റെ പങ്കാളിത്തത്തിൽ ഗതാഗത സൗകര്യങ്ങളില്ലാത്ത താമസക്കാർക്ക് ഊബർ $40 വരെ റൈഡുകൾ വാഗ്ദാനം ചെയ്തു.