പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങള്‍; ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ

0
155

റെയിക്ജാവിക്: പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്
ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപായ റെയ്ക്ജാനസാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. റെയ്ക്ജാനസിലെ അഗ്നിപര്‍വ്വതം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു.

തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്നിപര്‍വത സ്ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് ഐസ്ലാന്‍ഡിക് മെറ്റ് ഓഫീസ് (ഐഎംഎ) അറിയിച്ചു. പ്രാദേശിക സമയം 5.30-ന് രാജ്യ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഐഎംഎയുടെ കണക്കുകള്‍ പ്രകാരം ഗ്രിന്ദാവിക്കിന് സമീപം അനുഭവപ്പെട്ട ഭൂചലനമാണ് വെള്ളിയാഴ്ച ഉണ്ടായതില്‍ ഏറ്റവും തീവ്രത കൂടിയത്. 5.2 ആയിരുന്നു തീവ്രത. നാലായിരത്തിലധികം ആളുകളാണ് ഇവിടെ വസിക്കുന്നത്. ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് ഗ്രിന്ദാവിക്കിലേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു. ഒക്ടോബര്‍ അവസാനം മുതല്‍ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. ഏകദേശം അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയില്‍ മാഗ്മ അടിഞ്ഞുകൂടുന്നതായി ഐഎംഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപരിതലത്തിലേക്ക് നീങ്ങിയാല്‍ ദിവസങ്ങളെടുക്കുമെന്നും തുടര്‍ന്ന് അഗ്നിപര്‍വത സ്‌ഫോടനത്തിലേക്ക് നയിച്ചേക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിച്ചു. ഗ്രിന്ദാവിക്കിലും തെക്കന്‍ ഐസ്ലാന്‍ഡിലുമായി മൂന്ന് താല്‍ക്കാലിക ക്യാമ്പുകള്‍ തുറന്നു.