
റിയാദ്: ഇസ്രയേല്‍-ഗാസ യുദ്ധം ശക്തമാകുന്നതിനിടെ റിയാദില്‍ അറബ് നേതാക്കളുടെ അടിയന്തര യോഗം. സൗദി അറേബ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അറബ് രാജ്യങ്ങളിലെ തലവന്‍മാര്‍ റിയാദില്‍ ഒത്തുകൂടുന്നത്.
ഈ ആഴ്ച തന്നെ യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവിരം. സുപ്രധാന ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ തലവന്മാര്‍ക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തും. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും എത്തുമെന്നാണ് വിവരം. ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നത്.
എല്ലാ ഭിന്നതയും മാറ്റിവച്ച് ഗാസയിലെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ ഒരുമിക്കുന്നു എന്നാണ് മനസിലാകുന്നത്. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഉച്ചകോടിയും വൈകാതെ റിയാദില്‍ നടക്കും.
സൗദി അറേബ്യയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഇസ്രയേല്‍-ഹമാസ് യുദ്ധമുണ്ടായത്. ഇതോടെ അറബ് വികാരം മൊത്തം ഇസ്രായേലിനെതിരാകുകയും ചര്‍ച്ചകള്‍ നിലയ്ക്കുകയും ചെയ്തു. ഇതായിരുന്നു ഹമാസ് ലക്ഷ്യമിട്ടത് എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
മാത്രമല്ല, ഇറാനും സൗദി അറേബ്യയും കൂടുതല്‍ സഹകരിച്ച് പാലസ്തീന്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ചൈനയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ചിലാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. പിന്നീട് പരസ്പരം അംബാസഡര്‍മാരെ നിയമിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും ഒന്നിക്കുന്നത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്.
ഇസ്രയേലിനെതിരെ ഗാസയില്‍ നിന്ന് ഹമാസ്, ലബനനില്‍ നിന്ന് ഹിസ്ബുള്ള, യമനനില്‍ നിന്ന് ഹൂതികള്‍, സിറിയയില്‍ നിന്ന് ഷിയാ സായുധ സംഘങ്ങള്‍ എന്നിവര്‍ ആക്രമണം നടത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം ഇറാന്റെ പിന്തുണയുണ്ട്.
അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കടന്നു. വ്യോമാക്രമണത്തിനൊപ്പം കരയാക്രമണം ഇസ്രയേല്‍ ശക്തമാക്കി. കരമാര്‍ഗം ഗാസയിലേക്ക് കടന്ന ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ശക്തമായ പ്രത്യാക്രമണം നേരിടുന്നുണ്ട്. ഇതുവരെ 31 ഇസ്രയേല്‍ സൈനികരാണ് കരയാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.