മാര്‍പാപ്പയുടെ കല്‍പ്പന ധിക്കരിച്ചു, 12 വൈദികര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌, വൈദികർക്കെതിരെ നടപടികൾ ആരംഭിച്ചു

0
108

കൊച്ചി: മാർ‌പ്പാപ്പയുടെ കൽപ്പന അം​ഗീകരിക്കാത്ത 12 വൈദികർക്കെതിരെ കാനോൻ നിയമ പ്രകാരം നോട്ടീസ്. എറണാകുളം അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലി​ഗേറ്റായി മാർപ്പാപ്പ നിയമിച്ച ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ കാരണം കാണിക്കൽ‌ നോട്ടീസയച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫാ മുണ്ടാടൻ, ഫാ തളിയൻ തുടങ്ങി നാല് പേർക്ക് ബസിലിക്കയിൽ പ്രതിഷേധത്തിന്റെ അന്ന് തന്നെ നോട്ടീസ്‌ നൽകുകയും അവർക്കെതിരെ ശക്തമായ നടപടി ഇന്ന് കൈക്കൊള്ളുകയും ചെയ്തു. ബാക്കിയുള്ള വൈദികർക്കെതിരെ നടപടികൾ ആരംഭിച്ചു

കാനോൻ ചട്ടങ്ങൾ പ്രകാരം ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ നേരിട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിനഡ് അം​ഗീകരിച്ച ഏകീകൃത കുർബാന നടപ്പിലാക്കാൻ വൈദികർക്ക് ചുമതലയുണ്ടെന്ന് മാർ സിറിൽ വാസിൽ പലവട്ടം പറഞ്ഞിരുന്നു.

എറണാകുളം അതിരൂപതയിൽ ഞായാറാഴ്ച മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂ എന്ന മാർപാപ്പയുടെ പ്രതിനിധി മാർ സിറിൾ വാസിലിന്റെ നിർദേശം നടപ്പിലായിരുന്നില്ല. ഭൂരിഭാഗം പള്ളികളിലും നിലവിലുള്ള ജനാഭിമുഖ കുർബാന തുടർന്നു. കുർബാനക്രമ പ്രശ്നത്തിൽ പരിഹാരം കാണാനെത്തിയ മാർപാപ്പയുടെ പ്രതിനിധി മാർ സിറിൽ വാസിലാണ് സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന ഞായറാഴ്ച മുതൽ നിർബന്ധമാക്കിയത്.

കഴിഞ്ഞ വർഷം മാർച്ചിൽ മാർപാപ്പ അതിരൂപതയ്ക്കായി പുറത്തിറക്കിയ ഇടയലേഖനം എല്ലാ പള്ളികളിലും വായിക്കണമെന്നും കുർബാന മധ്യേ മേലധ്യക്ഷന്മാരുടെ പേര് അനുസ്മരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. മാർപാപ്പയുടെ കത്തിന്റെ പകർപ്പും ഏകീകൃത കുർബാന ചൊല്ലണമെന്ന നിർദേശവുമടങ്ങിയ രജിസ്‌ട്രേഡ് കത്ത് എല്ലാ വൈദികർക്കും അയച്ചിരുന്നു.

മാർപാപ്പയുടെ പ്രതിനിധിയുടെ കൽപ്പന ലംഘിക്കുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിനു തുല്യമാണെന്നും എല്ലാ വൈദികരും സിനഡ് കുർബാന അർപ്പിക്കണമെന്നും ആവശ്യപ്പെട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും ശനിയാഴ്ച വൈകിട്ട് കത്ത് പുറത്തിറക്കിയിരുന്നു. ഇതെല്ലാം ഭൂരിഭാഗം വൈദികരും അവഗണിച്ചു.