പതിനേഴാമത് കുഞ്ഞിനെയും ഗർഭം ധരിച്ച് പതിനാറ് കുട്ടികളുടെ അമ്മ

0
925

താൻ വീണ്ടും ഗർഭിണിയാണെന്ന സന്തോഷവാർത്തയുമായി പതിനാറ് കുട്ടികളുടെ അമ്മയായ നാൽപ്പതുകാരി.
യുഎസിലെ നോർത്ത് കരോലിന സ്വദേശിയായ പാറ്റി ഹെർണാണ്ടസാണ് താൻ പതിനേഴാമത് കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചത്. പാറ്റിക്കും ഭർത്താവ് കാർലോസിനും ആറ് ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ്. അതിൽ മൂന്ന് സെറ്റ് ഇരട്ടകളുമുണ്ട്. കാർലോസ് ഒരു ക്ലീനിംഗ് കമ്പനി ഉടമയുമാണ്.

പാറ്റിയുടെ എല്ലാ കുട്ടികളുടെയും പേര് ആരംഭിക്കുന്നത് സി എന്ന അക്ഷരത്തിലാണ്. ജീവിതത്തിലെ 14 വർഷങ്ങൾ താൻ ഗർഭിണിയായിരുന്നുവെന്ന് പാറ്റി വെളിപ്പെടുത്തുന്നു.

കാർലോസ് ജൂനിയർ- 14, ക്രിസ്റ്റഫർ- 13, കാർല- 11, കെയ്റ്റ്ലിൻ- 11, ക്രിസ്റ്റ്യൻ- 10, സെലസ്റ്റെ- 10, ക്രിസ്റ്റീന- 9, കാൽവിൻ- 7, കാതറിൻ- 7, കാലേബ്- 5, കരോളിൻ- 5, കാമില- 4, കരോൾ- 4 ഷാർലറ്റ്- 3, ക്രിസ്റ്റൽ- 2 എന്നിവരാണ് ദമ്പതികളുടെ മക്കൾ. കഴിഞ്ഞ വർഷം ജനിച്ച അവരുടെ ഏറ്റവും ഇളയ കുട്ടിയാണ് ക്ലേട്ടൺ. പുതിയ കുഞ്ഞിനായി പേര് കണ്ടുപിടിക്കുന്ന തിരക്കിലാണ് ഈ ദമ്പതികൾ

ഞാൻ 13 ആഴ്ച ഗർഭിണിയാണ്. എനിക്ക് ഒരു ആൺകുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 വർഷമായി ഞാൻ ഗർഭിണിയാണ്, അതിനാൽ എന്റെ 17-ാമത്തെ കുഞ്ഞ് ജനിക്കുന്നതിൽ വളരെ സന്തോഷവതിയാണ്, ” പാറ്റി പറയുന്നു. ദി സ്‌കോട്ടിഷ് സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിൽ ദമ്പതികൾ വിശ്വസിക്കുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നും ഞാൻ വീണ്ടും ഗർഭം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കട്ടെയെന്നുമാണ് പാറ്റി പറയുന്നത്.

ദമ്പതികളുടെ വീട്ടിൽ അഞ്ച് കിടപ്പുമുറികളാണ് ഉള്ളത്. അവിടെ കുട്ടികൾക്കായി നിരവധി ബങ്ക് ബെഡുകളും തൊട്ടിലുകളും ഒരുക്കിയിട്ടുണ്ട്. പാറ്റി 20 സീറ്റുകളുള്ള ഒരു ബസ്സിലാണ് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. ഭക്ഷണത്തിനായി ആഴ്ചയിൽ ഏകദേശം 72,000 രൂപ ചെലഴിക്കാറുണ്ടെന്നും ദമ്പതികൾ പറയുന്നു. 10 പെൺകുട്ടികളും 10 ആൺകുട്ടികളും തികയുന്നതു വരെ പ്രസവം നിർത്താൻ ദമ്പതികൾ ഉദ്ദേശിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.