ഷാർജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ (47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ (17) എന്നിവരാണ് മുങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം കുടുംബത്തോടൊപ്പം ഇസ്മായിൽ കടലിൽ കുളിക്കവെയായിരുന്നു ദുരന്തം.
വേലിയേറ്റത്തെ തുടർന്നുണ്ടായ കടൽച്ചുഴിയിൽ പെട്ട അമലിനെ രക്ഷിക്കവെയായിരുന്നു ഇസ്മായിലും അപകടത്തിൽ പെട്ടത്. ഉടൻ പോലീസും പാരാമെഡിക്കൽ സംഘവുമെത്തി ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
കരയിൽനിന്നു ഇരുവരും കടലിൽ മുങ്ങിപ്പോകുന്നത് കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി ഇവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
14 വർഷമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് (ആർ.ടി.എ.) അതോറിറ്റിജീവനക്കാരനായിരുന്നു ഇസ്മായിൽ. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആർ.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങൾ. ഭാര്യ നഫീസ കോഴിക്കോട് എകരൂൽ സ്‌കൂളിലെ അധ്യാപികയാണ്.