കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ.
കോട്ടയം മെഡിക്കല്‍ കോളെജിലെ നഴ്സായ രശ്മി രാജ്(33)ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29 ന് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് രശ്മിക്ക് രോഗബാധ ഉണ്ടായത്. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ത്തു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. രേഖകള്‍ പ്രകാരം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഹോട്ടലിനെതിരെ പ്രതിഷേധിക്കുക എന്ന പോസ്റ്റര്‍ ഒട്ടിച്ച ശേഷമായിരുന്നു പ്രതിഷേധ പ്രകടനം.