യഥാര്‍ഥ മഹാബലി ഈശോ, ആഘോഷം പൈശാചികമായ അടിമത്തം: വൈദികന്റെ വീഡിയോ വൈറല്‍

0
133

കോട്ടയം: യഥാര്‍ത്ഥ മഹാബലി ഈശോയാണെന്നും ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരൂപിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നും പാലാ രൂപതാ വൈദികന്‍ ഫാ.തോമസ് വാഴച്ചാരിക്കല്‍.

‘കാണം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതില്‍ എന്ത് നന്മയാണുള്ളത്? കടമെടുത്തും വിറ്റു തുലച്ചും ശാപ്പാട് കഴിച്ച് ആഘോഷിച്ചിട്ട് നാളെ എന്ത് ചെയ്യും. ബുദ്ധിയുള്ള ഒരു വ്യക്തിക്കും സ്വീകാര്യമായ പാതയല്ല അത്. യഥാര്‍ത്ഥ സൗഭാഗ്യം അങ്ങനെയല്ല വരേണ്ടത്. ബാഹ്യമായ ഒരാഘോഷത്തിലേക്ക് നമ്മെ കൊണ്ടു പോകുന്നത് ലൗകികമായ രീതിയാണ്. അത് സാത്താന്റെ ശൈലിയാണ്. നന്മയുടെ ആഘോഷമായി സൂചിപ്പിക്കുന്ന ഈ ആഘോഷം പൈശാചികമായ അടിമത്തമാണ്. അസുരനായ ഒരു പൈശാചിക വ്യക്തിയെ സ്വീകരിക്കാനുള്ള ആഘോഷത്തിന്റെ ഭാഗമാണ്’. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ചോദിക്കുന്നു.

‘സാത്താന്റെ സാന്നിധ്യമുള്ള ഇത്തരം അവസരങ്ങളേയും മേഖലകളേയും തിരിച്ചറിഞ്ഞ് അവയെ നമ്മള്‍ ദൂരീകരിക്കുകയാണ് വേണ്ടത്. ഓണത്തിന് പാടുന്ന പാട്ടൊന്നും മഹാബലിയുടെ കാലത്തേതല്ല. അങ്ങനെയൊരു കാലം ഉണ്ടായിട്ടു പോലുമില്ല. അടുത്ത കാലത്തെ ദശകങ്ങളില്‍ എഴുതി പാടിയ പാട്ടാണ് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നൊക്കെയുള്ളത്. കള്ളവും ചതിയുമില്ലാത്തത് അവസ്ഥയൊന്നുമില്ല, അതൊക്കെ ഈശോ പ്രഘോഷിച്ച ദൈവ രാജ്യത്തിലാണ് കാണുന്നത്’

‘ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റാണ്, നിഷ്ഫലമായ പരിശ്രമമാണ് ഈ മഹാബലി. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണ്. അതിനെ മറികടക്കാന്‍ ഒരു ബലിയുമില്ല. അറിഞ്ഞു കൊണ്ട് ബലിയായ വ്യക്തിയാണ് ഈശോ. അബദ്ധം പറ്റി ചവിട്ടിത്താഴ്ത്തപ്പെട്ട വ്യക്തി എങ്ങനെയാണ് ബലിയാകുന്നത്? വിശുദ്ധ കുര്‍ബാനയാണ് യഥാര്‍ത്ഥ സദ്യ. സമൂഹത്തിലെ ഭിന്നിപ്പിന് കാരണം ഓണാഘോഷങ്ങളിലൂടെ കയറ്റിവച്ച പൈശാചിക അരൂപികളുടെ സാന്നിധ്യമാണ്’, ഫാ തോമസ് വാഴച്ചാരിക്കല്‍ പറഞ്ഞു.