ബെംഗളൂരു: ബെംഗളുരുവില്‍ പെയ്ത കനത്ത മഴയില്‍ രണ്ടര കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി പരാതി. മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയിലാണ് വെള്ളം കയറിയത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകിയതോടെ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടമായത്.
ശനിയാഴ്ച നടത്താനിരുന്ന ഒന്നാം വാര്‍ഷികാഘോഷം പ്രമാണിച്ച് വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതാണ് നഷ്ടമായത്. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ തുടരുന്ന വേനല്‍മഴയില്‍ മരണം ഏഴായി. ബെംഗളൂരുവില്‍ മാത്രം മഴയെടുത്തത് 2 ജീവനുകളാണ്. കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ കാര്‍ മുങ്ങി ഇന്‍ഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചതു കൂടാതെ ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടില്‍ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലില്‍ നിന്നു കണ്ടെടുത്തു.