സര്‍ക്കാരിനോട് പതിനായിരം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബലാത്സംഗക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പ്രതി. മധ്യപ്രദേശിലെ രത്ലാം സ്വദേശി കാന്തിലാല്‍ ഭില്‍ ആണ് സര്‍ക്കാരിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ഇയാളെ 2022 ഒക്ടോബറില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
‘പീഡനക്കേസില്‍ 666 ദിവസം ജയിലില്‍ കഴിഞ്ഞു. ഇക്കാലയളവില്‍ ലൈംഗിക സുഖം പോലും നഷ്ടമായി. ജയിലില്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പോഴും വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം’ 35 കാരനായ കാന്തിലാല്‍ ഭില്‍ ആവശ്യപ്പെട്ടു.
‘എനിക്ക് ഭാര്യയും മകളും പ്രായമായ അമ്മയും മാത്രമാണ് ഉള്ളത്. കുടുംബത്തിന്റെ ഏക വരുമാനക്കാരന് ജയിലില്‍ പോയതിനാല്‍ കുടുംബം വളരെയധികം കഷ്ടപ്പെട്ടു. അടിവസ്ത്രം പോലും വാങ്ങാന്‍ കഴിയാത്ത വിധം ഞങ്ങള്‍ ദരിദ്രരാണ്.
ഇതുമൂലം ജയിലില്‍ വസ്ത്രമില്ലാതെ കടുത്ത ചൂടും കൊടും തണുപ്പുമാണ് അനുഭവിച്ചത്. മറ്റ് അസുഖങ്ങള്‍ക്ക് പുറമെ ജയിലില്‍ വച്ച് ത്വക്ക് രോഗം പിടിപെട്ടു. ജയില്‍ മോചിതനായിട്ടും തലവേദന മാറിയിട്ടില്ല. തന്റെ ജീവിതം നശിപ്പിച്ചു, സമൂഹത്തില്‍ അപകീര്‍ത്തി വരുത്തി, തൊഴില്‍ നഷ്ടപ്പെടുത്തി. ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും കുടുംബത്തിന് ഉണ്ടായ പ്രശ്നങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഭില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.