പ്രിയ കൂട്ടുകാരന്റെ വിയോഗത്തില്‍ മനംനൊന്ത് യുകെയിലെ മലയാളികള്‍. ഷൂസ് ബറിയില്‍ താമസിക്കുന്ന മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരിയില്‍ കെ എം മത്തായിയുടെയും സൂസന്റെയും മകനായ ഷാജി മാത്യു (46) ആണ് അകാലത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് തീരാത്ത നോവ് സമ്മാനിച്ച് യാത്രയായത്. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാജിയുടെ അന്ത്യം. ഒന്നരവര്‍ഷം മുമ്പാണ്ഷാജി മാത്യു യുകെയിലെത്തിയത്.
വെള്ളിയാഴ്ച അടുത്തുള്ള നഴ്സിംഗ് ഹോമില്‍ ജോലിക്ക് വന്നതായിരുന്നു ഷാജി. രാത്രി 12:30 ഓടെ, ജോലിയുടെ ബ്രേക്കിനിടെ വിശ്രമമുറിയില്‍ ഇരിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സിപിആര്‍ നല്‍കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് മരിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയിലെത്തിയത്. ഭാര്യ: ജൂബി ഷ്രൂസ്ബറി ആശുപത്രിയിലെ തിയേറ്റര്‍ നഴ്സാണ്. മക്കള്‍: നെവിന് ഷാജി, കെവിന് ഷാജി
നവംബര്‍ 26-ാം തീയതി നിര്യാതനായ ഷാജിയുടെ മൃതദേഹം ഇന്നലെ ഞായറാഴ്ച 12. 15 മുതല്‍ 2. 30 വരെ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഔവര്‍ ലേഡി ഓഫ് ദ റോസ്മേരി ആന്‍ഡ് സെന്റ് ലൂക്കിലാണ് പൊതുദര്‍ശനം നടത്തിയത് .
യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. മൃതദേഹം കേരളത്തില്‍ എത്തിച്ച് സംസ്കാര ശുശ്രൂഷകള്‍ നടത്താനാണ് തീരുമാനം. യുകെയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
