ബ്ര. ഷിബു കിഴക്കേക്കുറ്റ്
ഒത്തിരി വിഷമതോടുകൂടി ഒരു ചെറിയ കാര്യം നിങ്ങളോട് സൂചിപ്പിക്കണം എന്നു തോന്നി. ജീവിതത്തില്‍ ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുക സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ വഷളാകുമ്പോള്‍ എന്നാല്‍ പിന്നെ ഡിവോഴ്‌സ് ചെയ്‌തേക്കാം, അതോടെ ശല്യം തീരുമല്ലോ, എന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ദൈവം യോജിപ്പിച്ചത് മരണത്തിലൂടെയല്ലാതെ വേര്‍പെടില്ല. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു എന്ന് ഈശോ പറഞ്ഞത്.
നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ക്ക് തന്നത് ദൈവമാണ്. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റില്ലല്ലോ. ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ മേല്‍ പഴിചാരി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് ആ സമയത്ത് നിങ്ങള്‍ ധ്യാനപൂര്‍വ്വം ബൈബിള്‍ തുറന്ന് ദൈവം എന്താണ് പറയുന്നതെന്ന് വായിക്കുക. അത്ഭുതപ്രാര്‍ത്ഥന ചൊല്ലുക. ഭാര്യയെ ഉപേക്ഷിച്ച്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീണ്ടും വിവാഹം ചെയ്യുന്നവരില്‍ മിക്കവരുടെയും ജീവിതം പരാജയം തന്നെയാണ്. ചിലര്‍ കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യും എന്ന് വരെ പറയാറുണ്ട്. അവരോട് ഒരു കാര്യം മാത്രം പറയുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രശ്‌നങ്ങളിലേക്ക് നോക്കാതെ കര്‍ത്താവിലേക്ക് നോക്കുക. വചനം വായിക്കുക. തിരുത്താനുള്ളത് അനുതാപത്തോടെ തിരുത്തുക. അത്ഭുത പ്രാര്‍ഥന ചൊല്ലുക. ദൈവം ഇടപെടും.
ദമ്പതിമാരില്‍ ആരും പരസ്പരം ഉപേക്ഷിക്കരുത്. അത് ദൈവഹിതത്തിനെതിരാണ്. നിങ്ങളില്‍ കുറവുള്ളവര്‍ മറ്റാളുടെ പ്രാര്‍ഥന മൂലം വിശുദ്ധീകരിക്കപ്പെടണമെന്നാണ് ദൈവഹിതം. നിങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല പങ്കാളിയെ അല്ല, നിങ്ങള്‍ക്ക് വേണ്ടി അനാദികാലം മുതല്‍ ദൈവം തീരുമാനിച്ചതാണ് നിങ്ങളുടെ പങ്കാളി. ദൈവം തിരഞ്ഞെടുത്ത് തന്നതിനെ നിരാകരിക്കുമ്പോള്‍ നാം പാപം ചെയ്യുന്നു. പ്രശ്‌നങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അവ സൗമ്യമായി പരിഹരിക്കാന്‍ ശ്രദ്ധിക്കുക. വിട്ടുവീഴ്ച ചെയ്യുക. വിട്ടുവീഴ്ച ചെയ്യുമ്പോള്‍ നിങ്ങള്‍ തന്നെയാണ് ജയിക്കുന്നതെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കുക.
സുവിശേഷ വേല ചെയ്യുന്നവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ട്. ഓരോ ദിവസവും സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ ഈ ഗ്രൂപ്പിനെ നശിപ്പിക്കാന്‍ ഓടിനടക്കുകയാണ്. കര്‍ത്താവിനോടുള്ള സ്‌നേഹം അത് മാത്രമാണ് എന്നെ പിടിച്ചുനിര്‍ത്തുന്നത്. മത്തായിയുടെ സുവിശേഷം 24:13 ഇങ്ങനെ പറയുന്നു. അവസാനം വരെ പിടിച്ചുനില്‍ക്കുന്നവന്‍ രക്ഷ പ്രാപിക്കും. അത് കുടുംബജീവിത്തിലും അങ്ങനെ തന്നെയാണ്.
പങ്കാൡകളില്‍ ഒരാള്‍ ദേഷ്യപ്പെട്ടിരിക്കുകയാണെങ്കില്‍ വീണ്ടും അവരെ എന്തെങ്കിലും പറഞ്ഞ് പ്രകോപിപ്പിക്കരുത്. കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ആരും അവര്‍ പറയാതെ അവരുടെ കുടുംബപ്രശ്‌നത്തില്‍ ഇടപെടുകയും അരുത്. മറിച്ച് അങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് നിങ്ങളറിഞ്ഞാല്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ പതിമൂന്ന് ദിവസം അവര്‍ക്ക് വേണ്ടി ബൈബിള്‍ വായിക്കുക. അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.
ഒരു തരത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ദൈവം നിയോഗിച്ചവരുടെ അടുത്തു പോകുക. അത് കൃപയുള്ള ദൈവദികനോ കന്യാസ്ത്രീയോ ആകാം. അവരോട് കാര്യങ്ങള്‍ പറയുക. അവരത് ദൈവേഷ്ടപ്രകാരം പരിഹരിക്കും. അല്ലാതെ എല്ലാവര്‍ക്കും കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നില്ല. അവരത് കൂടുതല്‍ വഷളാക്കുകയേയുളളൂ. കുടുംബം സൃഷ്ടിച്ചത് ദൈവമാണ്. സൃഷ്ടാവിനെ സൃഷ്ടിയുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസിലാകൂ. അതിനാല്‍ കര്‍ത്താവിനോട് പ്രശ്‌നങ്ങളെല്ലാം ഏറ്റുപറയുക. പറ്റിപ്പോയ പിഴകളെ പ്രതി പങ്കാളിയോടും ദൈവത്തോടും മാപ്പ് ചോദിക്കുക. ബൈബിള്‍ വായിക്കുക. അവനെ കേള്‍ക്കുക. പരിശുദ്ധ അമ്മ പറഞ്ഞതുപോലെ അവന്‍ പറയുന്നത് ചെയ്യുക. നിങ്ങളുടെ കുടുംബത്തിലും സന്തോഷത്തിന്റെ വീഞ്ഞ് സമൃദ്ധമാകും. കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതാകും.