ജയ്പുര്‍: ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാന്‍ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റിലായി. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലുദേവി (32), ബന്ധുവായ രാജു (36) എന്നിവരുടെ മരണമാണ് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശാലു ദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിംഗ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ അഞ്ചിന് ബൈക്കില്‍ ക്ഷേത്രത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ചു മരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. അവസാനം ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ മഹേഷ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്ന് വ്യക്തമായി.
സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് തുമ്പായത്. ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പോയ ഉടന്‍ മഹേഷ് ലൊക്കേഷന്‍ വിവരങ്ങളടക്കം ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു.
വാടകക്കൊലയാളിയായ മുകേഷ് സിംഗിന് വാഗ്ദാനം ചെയ്ത പത്തുലക്ഷം രൂപയില്‍ അഞ്ചരലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും കണ്ടെത്തി.
2017 മുതല്‍ ശാലുദേവിയും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 2019ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നല്‍കിയിരുന്നു. കഴിഞ്ഞയിടെ സ്‌നേഹം നടിച്ച് മഹേഷ് ഭാര്യയുമായി അടുക്കുകയായിരുന്നു.