ഉത്തര്‍പ്രദേശ്: പൂര്‍ണ്ണ ഗര്‍ഭിണിയെ ബൈക്കിന് പിറകില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി സ്വദേശി റാം ഗോപാലാണ് അറസ്റ്റിലായത്. മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എട്ട് മാസം ഗര്‍ഭിണിയായ സുമനെ ഇയാള്‍ ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ഭര്‍ത്താവിനെ സുമന് വഴക്കുപറഞ്ഞു. ഇതില്‍ ക്ഷുഭിതനായ റാം ഗര്‍ഭിണിയെന്ന പരിഗണനപോലും നല്‍കാതെ സുമനെ ക്രൂരമായി മര്‍ദിച്ച് ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴക്കുകയായിരുന്നു. 200 മീറ്ററിലധികം വലിച്ചിഴച്ച ഗര്‍ഭിണിയെ സഹോദരനെത്തിയാണ് രക്ഷിച്ചത്. തുടര്‍ന്ന് സുമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തിയാണ് റാം ഗോപാലിനെതിരെ പൊലീസ് കേസെടുത്തത്.