യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

0
144

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34)നെയാണ് കാമുകനായ കാസര്‍കോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (34) കൊലപ്പെടുത്തിയത്. സമീപത്തെ ലോഡ്ജില്‍ വെച്ചായിരുന്നു അരുംകൊല.

ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കുടുംബജീവിതത്തിന് ദേവിക തടസം നിന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു. ഉടന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോള്‍ ദേവിക രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കിടക്കുന്നതാണ് കണ്ടത്.

കാസര്‍കോട് ‘മൈന്‍’ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന സതീഷും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.

പൊലീസെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.

ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭര്‍ത്താവും മക്കളുമുണ്ട്.