അമേരിക്കയില്‍ അക്രമിയുടെ കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

0
279

വാഷിങ്ടണ്‍: ജിമ്മില്‍ വച്ച് അക്രമിയുടെ കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. അമേരിക്കയിലെ വാല്‍പാര്‍സിയോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ഇരുപത്തിനാലുകാരന്‍ വരുണ്‍ രാജ് പുച്ചെ ആണ് മരിച്ചത്. ഇന്ത്യാനയിലാണ് സംഭവം. ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന ജോര്‍ദാന്‍ അന്‍ഡ്രേഡയാണ് വരുണിനെ കുത്തിയത്.

ഒക്ടോബര്‍ 29 നാണ് വരുണിന് കുത്തേറ്റത്. തലയ്ക്ക് മാരകമായി പരിക്കേറ്റ വരുണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൊലപാതകക്കുറ്റം ചുമത്തി ജോര്‍ദാനെതിരെ കേസെടുത്തിട്ടുണ്ട്. വരുണ്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വധിച്ചതെന്നാണ് ജോര്‍ദാന്‍ പൊലീസിനോട് പറഞ്ഞത്. ആക്രമണത്തിന് മുമ്പ് വരുണിനോട് സംസാരിച്ചിട്ടില്ലെന്നും ജിമ്മിലുള്ള മറ്റാരോ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞതെന്നും ഇയാളുടെ മൊഴിയിലുണ്ട്.

എന്നാല്‍ വരുണ്‍ സ്ഥിരം ജിമ്മിലെത്തുന്ന ആളാണെന്നും മറ്റുള്ളവരോട് മാന്യമായി സംസാരിക്കുന്ന വ്യക്തിയുമാണെന്നാണ് ട്രെയിനര്‍ പറയുന്നത്. ഇത്രയും കാലത്തിനിടെ വരുണിന്റെ ഭാഗത്ത് നിന്നും മോശമായ ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു.

വരുണ്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്. വരുണിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.