ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും, വികാര നിര്‍ഭരമായ കുറിപ്പുമായി മോഹന്‍ലാല്‍

0
80

പ്രിയ സഹപ്രവര്‍ത്തകന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് വികാര നിര്‍ഭരമായ കുറിപ്പുമായി മോഹന്‍ലാല്‍. ‘വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല, പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും, എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും’, മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്. ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.

‘ദേവാസുരം’, ‘ചന്ദ്രലേഖ’, ‘രാവണപ്രഭു’, ‘ഹരികൃഷ്ണന്‍സ്’, ‘വരവേല്‍പ്പ്’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘ബാലേട്ടന്‍’, ‘അയാള്‍ കഥയെഴുതുകയാണ്’, ‘വരവേല്‍പ്പ്’, ‘വിയറ്റ്‌നാം കോളനി’, ‘രസതന്ത്രം’ എന്നിങ്ങനെ നിരവധി സിനിമകളിലെ മികച്ച കോംബോയായിരുന്നു ഇന്നെസെന്റും മോഹന്‍ലാലും.ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപതിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. അസുഖം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.