ജനിച്ചത് പതിനായിരം സ്‌ക്വയർഫീറ്റുളള വീട്ടിൽ, വീട് പൊളിക്കൽ അസാധ്യം: കെ.എം ഷാജി

0
566

കോഴിക്കോട്: താൻ ജനിച്ചത് പതിനായിരം സ്‌ക്വയർഫീറ്റുളള വീട്ടിലാണെന്നും സാമ്പത്തികമായി ഉയർന്ന കുടുംബമാണ് തന്റേതെന്നും തന്റെ വീട് പൊളിക്കൽ അസാധ്യമാണെന്നും കെ.എം ഷാജി എം.എൽ.എ. പിണറായി വിജയനും ഇ.പി ജയരാജനും വീട് വച്ച രീതിയിൽ തന്റെ വീടിനെ കാണേണ്ടെന്നും ഷാജി പറഞ്ഞു.

നിയമവിരുദ്ധമായ നിർമ്മാണം വീടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. വീട് നിർമ്മിക്കുമ്പോൾ ബഫർസോണായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. വീടിന്റെ പെർമിഷന് ഒമ്പത് വർഷം വരെയാണ് കാലയളവ്. 2012ലാണ് ഈ വീട് നിർമ്മിച്ചതെന്നും വീട് പൊളിക്കാനുളള നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി പറഞ്ഞു.

അഴീക്കോടെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് കോർപറേഷൻ അധികൃതർ ഇ.ഡിയുടെ നിർദ്ദേശപ്രകാരം കെ.എം ഷാജിയുടെ വീട് അളന്നത്. 3200 സ്‌ക്വയർഫീറ്റിൽ വീട് നിർമ്മിക്കാൻ അനുമതി വാങ്ങിയെങ്കിലും വീട് 5500 ചതുരശ്ര അടിയോളം സ്ഥലത്താണെന്ന് അളവെടുപ്പിൽ കണ്ടെത്തി.