കേളകം: വ്യാപാരി കാറില്‍ വെന്തുമരിച്ച നിലയില്‍. ഇരിട്ടി കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈല്‍സ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊളക്കാടേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇന്നലെ രാവിലെ മാത്യു വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂള്‍ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബര്‍തോട്ടത്തില്‍ നിര്‍ത്തിയിട്ട കാര്‍ അഗ്നി ബാധയ്ക്കിരയായതായി ആളുകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിരമറിയിച്ചതിനെത്തുടര്ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തുടര്‍ന്ന് കാറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ ഉള്ള വിവരം ശ്രദ്ധയില്‍പെടുന്നത്.
മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്റെ നമ്പര്‍ ആണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കാറില്‍ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യം പളളിയുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തായും പിന്നീട് റബര്‍ തോട്ടത്തിലേക്ക് പോയതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഡ്രൈവര്‍ സീറ്റ് ചെരിച്ചിട്ട് കിടന്ന് വിശ്രമിക്കുന്ന സമയത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം തീ പടര്‍ന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചന് ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ മാസം 26ന് മത്തച്ചന്റെ മകളുടെ കല്യാണവും നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഭാര്യ: ഷൈബി. മക്കള്‍: സാന്ദ്ര, മാനസ. സഹോദരങ്ങള്‍: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ഫാ. ഡൊമിനിക് സിഎംഐ (ഭോപ്പാല്‍), ഔസേപ്പച്ചന്, ജിമ്മി, സാബു, പരേതനായ ജോയി (മഹാറാണി ടെക്സ്റ്റൈല്‍സ്, തൊട്ടില്‍പാലം)