ഇച്ചാക്ക എന്റെ വല്ല്യേട്ടന്‍ തന്നെ, മമ്മൂട്ടിക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍

0
113

മമ്മൂട്ടിയ്ക്ക് എഴുപത്തൊന്നാം പിറന്നാളിന്റെ മംഗളങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ഇച്ചാക്ക തന്റെ വല്യേട്ടനാണെന്നും ജ്യേഷ്ഠനെപ്പോലെയല്ല, അദ്ദേഹം ജ്യേഷ്ഠന്‍ തന്നെയാണെന്നും മോഹന്‍ലാല്‍ വിഡിയോയില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത് അങ്ങനെയൊക്കെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍, അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.