തോട്ടപ്പള്ളി വാഹനാപകടം, മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

0
592

ശാസ്താംകോട്ട(കൊല്ലം): കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാരകമായി പരുക്കേറ്റ വീട്ടമ്മയും മരിച്ചു. ഹരിപ്പാടിനു സമീപം തോട്ടപ്പള്ളിയിലാണ് അപകടമുണ്ടായത്.

കൊല്ലം ശൂരനാട് വടക്ക് നടുവിലമുറി കണ്ണമം അരുണോദയത്തിൽ വാസുദേവൻപിള്ളയുടെ ഭാര്യ രേണുകാദേവി(56) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ചയുണ്ടായ അപകടത്തിൽ ഇവരുടെ മകളും പെരുമ്പാവൂർ സ്വദേശി സുധീഷിന്റെ ഭാര്യയുമായ ഗവേഷണ വിദ്യാർഥിനി അഞ്ജു വി. ദേവ്(26) മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ വാസുദേവൻപിള്ളയും മകൻ അരുണും ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ 10.45-ന് ഇവർ സഞ്ചരിച്ച കാർ തോട്ടപ്പള്ളി കന്നാലി പാലത്തിനു സമീപത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. കൊല്ലത്തേക്ക് പോകുകയായിരുന്ന മീൻലോറിയുമായി ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലെ താഴ്ചയിലേക്കു തെറിച്ചു വീണു.
ഭർതൃപിതാവ് കോവിഡ് നിരീക്ഷണത്തിലായതോടെ ശൂരനാട്ടെ വീട്ടിലെത്തിയ അഞ്ജു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു പോകുംവഴിയായിരുന്നു ദുരന്തം.