കായലില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു

0
111

മലപ്പുറം: കായലില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാഘോഷത്തിനായി വീട്ടിലേക്കെത്തിയതായിരുന്നു ഷൈനിയും മകളും.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ചങ്ങരംകുളം ഒതളൂര്‍ ബണ്ടിന് അടുത്താണ് ദുരന്തമുണ്ടായത്. ഷൈനിയും മകളും ഒതളൂര്‍ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം മറ്റു രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. അവരുടെ ശബ്ദം കേട്ടാണ് നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷൈനിയേയും മകളേയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

ഈ പാടശേഖരത്തോട് ചേര്‍ന്നാണ് കായലുള്ളത്. അതിനാല്‍ ആഴമുള്ള സ്ഥലംകൂടിയാണിത്. പെട്ടെന്ന് ഒഴുക്കില്‍പ്പെട്ടതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം ബദരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ആശ്ചര്യ.