കോവിഡ് മുക്തമായ ന്യൂസിലാന്‍ഡില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്

0
8843

വെല്ലിങ്ടൺ: കർശന ലോക്ഡൗൺ മൂലം പൂർണ്ണമായും കോവിഡ് മുക്തമായ ന്യൂസിലാന്റിൽ പിഞ്ചുകുഞ്ഞുൾപ്പടെ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ്. ഓക് ലാന്റിലാണ് ഇന്നലെ ഉറവിടമറിയാത്ത നാല് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ന്യൂസിലന്റ് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ലോക്ഡൗൺ പ്രാബല്യത്തിലാകും.

ഓക്‌ലാന്റിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സ്റ്റേ അറ്റ് ഹോം ഓർഡർ നടപ്പാക്കാനാണ് പ്രധാനമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാമൂഹിക അകലം പാലിക്കൽ കർശനമായി നടപ്പാക്കും.

കോവിഡ് സ്ഥിരീകരിച്ചവർ വിദേശത്ത് നിന്നു വന്നവരുമായും ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവരുമായും ബന്ധം പുലർത്തിയിരുന്നില്ല. രോഗത്തിന്റെ ഉറവിടമറിയാത്തതാണ് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ 101 ദിവമായി രാജ്യത്ത് കോവിഡ് കേസുകൾ ഉണ്ടായിരുന്നില്ല.