യു.എസിലെ ന്യൂയോര്‍ക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനം. തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പ് ഉയരല്‍, കെട്ടിടങ്ങളുടെ ഭാരം എന്നിവമൂലമാണ് ന്യൂയോര്‍ക്ക് ഭൂനിരപ്പില്‍ നിന്നും താഴാന്‍ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഡ്വാന്‍സിംഗ് എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ് എന്ന് പേരുള്ള ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് സിറ്റി നേരിടുന്നത്.
”ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങള്‍ക്കൊരുദാഹരണമാണ് ന്യൂയോര്‍ക്ക്. വര്‍ധിച്ചു കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക അപകട ഭീഷണിയെ ലഘൂകരിക്കാനുള്ള ഒരു ആഗോള വെല്ലുവിളി കൂടിയാണിത്”, റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകര്‍ പറഞ്ഞു.
ഏകദേശം എട്ട് ദശലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. അതില്‍ തന്നെ ചില പ്രദേശങ്ങള്‍ വളരെ വേഗമാണ് താഴ്ന്നു കൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭ വസ്തുക്കളുടെ തെന്നിമാറല്‍ കാരണം പ്രദേശം താഴ്ന്നുപോകുന്ന അവസ്ഥയാണ് നഗരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മാറ്റങ്ങളും മനുഷ്യ നിര്‍മിതമായ കാരണങ്ങളും പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പ കൊടുങ്കാറ്റിന്റെ തീവ്രത, സമുദ്രനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച എന്നിവ മൂലവും ന്യൂയോര്‍ക്ക് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത എങ്ങനെയാണുണ്ടാകുന്നതെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.