വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പിടിയിലായി

0
29

ഹരിയാന: വിവാഹ ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പോലീസ് പിടിയിലായി. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയാണ് അറസ്റ്റിലായത്. ഹരിയാനയിലെ യമുനാനഗറില്‍ നിന്നാണ് നിഷയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹത്തിനു ശേഷം നിഷ ആഭരണങ്ങളും പണവുമായി ഒരാഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാകുകയാണ് പതിവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജസ്ഥാനിലെ ഭില്‍വാര, ദൗസ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മൂന്നു യുവാക്കളെ ഇത്തരത്തില്‍ നിഷ കബളിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 11ന് ഒരു ബ്രോക്കര്‍ വഴിയാണ് ദൗസയിലുള്ള യുവാവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബത്തെ സന്ദര്‍ശിക്കണമെന്ന് പറഞ്ഞ് നിഷ സ്വര്‍ണവും പണവുമായി അപ്രത്യക്ഷയാവുകയായിരുന്നു. തിരിച്ചുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നല്‍കണമെന്ന് നിഷ വരനോട് ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തില്‍ കഴിഞ്ഞ മേയില്‍ ഭില്‍വാരയില്‍ ഒരാളെ ഇത്തരത്തില്‍ യുവതി വിവാഹം ചെയ്തിരുന്നു. പിന്നീട് ജൂലൈയിലെ ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നും നിഷ ഒരാളെ വിവാഹം കഴിച്ചു. മറ്റൊരു യുവാവിനെ കെണിയില്‍ പെടുത്തുന്നതിന് മുന്‍പ് നിഷയെ പോലീസ് പിടികൂടുകയായിരുന്നു.

നിഷയെ കൂടാതെ, യുവതിയെ സഹായിക്കുന്ന സംഗീത,അനിത എന്നിവരും അറസ്റ്റിലായി. വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ഇപ്പോള്‍ ദൗസ പോലീസിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ പിടികൂടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.