ഗർഭിണിയായി അഞ്ച് മാസത്തെ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അവതാരികയും നടിയുമായ പേളി മാണി. ശ്രീനിഷ് പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് ഗർഭകാലത്തെ ആദ്യ നാളുകളെക്കുറിച്ച് പേളി കുറിച്ചിരിക്കുന്നത്. പേളിയുടെ കുറിപ്പിങ്ങനെ
അഞ്ചാം മാസത്തെ അറിയിപ്പ് ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛർദ്ദിയും ഗർഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകൾ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു. എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്. വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്. അതുകൊണ്ട് ഇപ്പോൾ ഞാൻ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു. ഇപ്പോ ഞാൻ പാട്ടൊക്കെ പാടും, പാട്ട് കേൾക്കും ചെറിയ പ്രാർത്ഥനകൾ പറഞ്ഞുകൊടുക്കും.
എന്റെ കൈ എപ്പോഴും ഈ കുട്ടിവയറിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാൻ എടുത്ത തീരുമാനത്തിൽ ഞങ്ങൾ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഞങ്ങൾ പ്രൊപോസ് ചെയ്ത് രണ്ട് വർഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളിൽ വളരുന്നു. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ്, എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം, പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.