ഉപ്പുതറ: ഭർത്താവ് മോഷണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ യുവതി ജീവനൊടുക്കി. പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടിൽ സജുവിന്റെ ഭാര്യ ബിന്ദു(40)വിനെയാണ് വാടക വീടിനുള്ളിൽ ചൊവ്വാഴ്ച വൈകിട്ട് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച മകനോട് ടിവി കണ്ടോളാൻ പറഞ്ഞശേഷം മുറിക്കുള്ളിൽ കയറി കതകടച്ചായിരുന്നു ബിന്ദു ജീവനൊടുക്കിയത്. മൊെബെൽ ഫോൺ ബെല്ലടിച്ചിട്ടും അമ്മ ഫോൺ എടുക്കാത്തതോടെ മകൻ അയൽവീട്ടിലെത്തി വിവരം അറിയിച്ചു. സമീപവാസികളെത്തിയപ്പോഴാണ് ബിന്ദുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ സജുവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏലപ്പാറയിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് ഭർത്താവ് അറസ്റ്റിലായ വിവരം ബിന്ദു അറിഞ്ഞത്. ദമ്പതികളുടെ പന്ത്രണ്ടു വയസുള്ള കുട്ടിയോട് അമ്മ മരിച്ച വിവരം പറഞ്ഞിട്ടില്ല. ചൈൽഡ് ലൈൻ ഏറ്റെടുത്ത കുട്ടിയെ ബിന്ദുവിന്റെ സംസ്‌കാരത്തിനുശേഷം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റും.
മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിക്കും. പ്രണയിച്ചു വിവാഹിതരായതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയേക്കില്ലെന്ന് പോലീസ് അറിയിച്ചു.