വിഴിഞ്ഞം പ്രതിഷേധം: ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി, സഹായമെത്രാനും വൈദികരും പ്രതിപട്ടികയില്‍

0
61

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ എഫ്ഐആറിലാണ് ബിഷപ്പിനെയും സഹായമെത്രാനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും എഫ്.ഐ ആറിലുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്.ഐ ആറിലുണ്ട്. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്. അമ്പതോളം വൈദികരുള്‍പ്പെടെ 95 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്.

തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ, പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്.