ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാതെയിരിക്കാനാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതി. ഇയാളുടെ മുംബൈയിലെ വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തല്‍
പ്രതിയെ കണ്ടെത്താന്‍ രണ്ട് സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ശങ്കര്‍ മിശ്ര ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചെന്നാണ് വിവരം.
ന്യൂയോര്‍ക്ക് ദില്ലി വിമാനത്തില്‍ വെച്ചാണ് ഇയാള്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. കേസുമായി ബന്ധപ്പെട്ട് 4 വിമാനക്കമ്പനി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ ചോദ്യംചെയ്യ്‌തേക്കും.
അതേ സമയം വീഴ്ച്ചകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാട്ടി സിഇഒ ജീവനക്കാര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്, വീഴ്ച പാടില്ലെന്നാണ് സിഇഒയുടെ കര്‍ശന നിയന്ത്രണമാണ് കത്തിലുള്ളത്. ഇപ്പോള്‍ നടന്ന മോശം അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും വിമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും സിഇഒയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.