ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് വിട, അന്ത്യവിശ്രമം വി. ജോണ്‍പോള്‍ രണ്ടാമന്റെ കല്ലറയില്‍

0
31

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് ലോകത്തിന്റെ യാത്രാമൊഴി. ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ബനഡിക്റ്റ് പാപ്പയുടെ മൃതസംസ്‌കാര വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 125 കര്‍ദ്ദിനാളുമാര്‍, നാനൂറിലധികം മെത്രാന്മാര്‍, 3700-ലധികം വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

മലയാളികളടക്കം പതിനായിരകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പാപ്പയുടെ മൃതദേഹം അടക്കം ചെയ്ത തടിപ്പെട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ബെനഡിക്ട് പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ പെട്ടിയുടെ അടുത്തെത്തി, അതിനുമുമ്പില്‍ മുട്ടുകുത്തി, ചുംബിച്ചു.

പാപ്പയുടെ ആത്മശാന്തിക്കായി ജനക്കൂട്ടം ലത്തീന്‍ ഭാഷയില്‍ ജപമാലയുടെ ദു:ഖകരമായ രഹസ്യങ്ങള്‍ ചൊല്ലി. ബെനഡിക്ട് പാപ്പയുടെ ആഗ്രഹ പ്രകാരം, മൃതസംസ്‌കാര കുര്‍ബാന ലളിതമായിരുന്നു. സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘം ‘സാല്‍വേ റെജീന’, ‘ഇന്‍ പാരഡിസം’ എന്നീ ഗാനങ്ങള്‍ പാടി. കുര്‍ബാനയുടെ അവസാനം ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം നിശബ്ദമായി പ്രാര്‍ത്ഥിച്ചു.

അതിന് ശേഷം തിരുകര്‍മ്മ വസ്ത്രങ്ങള്‍ മാറ്റിയ ഫ്രാന്‍സിസ് പാപ്പ തന്റെ ഊന്നു വടിയുമായി അടുത്തുവന്ന് തന്റെ മുന്‍ഗാമിയുടെ മൃതദേഹം ചേര്‍ത്ത മരപ്പട്ടിയില്‍ തൊട്ട് പ്രാര്‍ത്ഥിച്ചു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെ അടക്കം ചെയ്ത വത്തിക്കാന്‍ ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്നത്.