പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

0
48

മാവേലിക്കര: പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴി സ്വകാര്യ ബസിടിച്ച് കാൽനടക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചൽ ജേക്കബാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജങ്ഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

സിഗ്നൽ തെറ്റിച്ചുവന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. ജങ്ഷന് തെക്കുഭാഗത്തുള്ള ആരാധനാലയത്തിൽ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചൽ. ജങ്ഷനിൽ സിഗ്‌നൽ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കവെ ഗ്രീൻ സിഗ്‌നൽ വീഴും മുമ്പ് മുന്നോട്ട് എടുത്ത ബസിന്റെ അടിയിൽ പെടുകയായിരുന്നു.ബസിന് അടിയിൽപ്പെട്ട റെയ്ച്ചൽ തൽക്ഷണം മരിച്ചു. ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർ പുലിയൂർ ആലപ്പള്ളിൽ പടിഞ്ഞാറേതിൽ അനൂപ് അനിയൻ പിന്നീട് സ്റ്റേഷനിൽ കീഴടങ്ങി.