എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ ദുഃഖാചരണം, മൃതദേഹം ബ്രിട്ടണിലെത്തിക്കും

0
106

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയിൽ ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയ പതാക പതിവായി ഉയർത്തുന്ന ഇടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. എല്ലാ സർക്കാർ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.

എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് ഔദ്യോഗികചടങ്ങുകൾ ഒഴിവാക്കും. അതേസമയം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ തുടരും.

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്‌കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. ഈ മാസം പത്തൊൻപതിന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് സംസ്‌കാരം.