കൊച്ചി: കെ എസ് ആര്‍ ടി സി ബസില്‍ യുവനടിയ്ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും യുവതിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്യുകയും ചെയ്ത ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് കായക്കൊടി കാവില്‍ സവാദാണ് അറസ്റ്റിലായത്. ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച സവാദിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പിടികൂടി പൊലീസിന് കൈമാറിയത്.
തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി തൃശൂര്‍ സ്വദേശിനിയും സിനിമാനടിയുമായ നന്ദിത ശങ്കര സോഷ്യല്‍ മീഡിയില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നന്ദിതയ്ക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്.മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ നന്ദിതയ്ക്കും മറ്റൊരു യുവതിക്കുമിടയിലാണ് സവാദ് ഇരുന്നത്. ബസെടുത്തതോടെ അയാള്‍ തന്റെ ശരീരത്തില്‍ ഉരസുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ ജനലിനടുത്താണ് ഇരുന്നത്. അയാള്‍ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍ ഉരസുന്നതായി തോന്നി. നോക്കിയപ്പോള്‍ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. തുടര്‍ന്ന് ബസിന്റെ വിന്‍ഡോ ഉയര്‍ത്തി, അയാളില്‍ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ സിബ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാന്‍ ഫോണില്‍ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് അയാളോട് ചോദിച്ചു.
ഒന്നുമറിയാത്ത ഭാവത്തില്‍ അയാള്‍ സിബ് വലിച്ചിട്ട് എഴുന്നേറ്റുപോയി. ഞാന്‍ ഒച്ചയുണ്ടാക്കി, നടന്ന സംഭവം പറഞ്ഞപ്പോള്‍ പരാതിയുണ്ടോയെന്ന് കണ്ടക്ടര്‍ ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. സിബ് അഴിച്ചിട്ടില്ലെന്നുംവെറുതെയിരിക്കുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. ബസ് വിമാനത്താവളത്തിന്റെ അടുത്തായി നിര്‍ത്തി. ഡോര്‍ തുറന്നതും അയാള്‍ പുറത്തേക്ക് ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു.
ഡ്രൈവറും ബസിലുണ്ടായിരുന്നവരും പൊലീസ് സ്റ്റേഷനിലുള്ളവരും സഹായിച്ചു. പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി അവന്‍ സിബ് തുറക്കാന്‍ പേടിക്കണം.- നന്ദിത പറഞ്ഞു.