യാത്ര ചെയ്യേണ്ട വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോ നാട്ടിലേക്ക് പുറപ്പടേണ്ടിയിരുന്നത്.
എന്നാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറിയ ഉടന്‍ തന്നെ നടന് കോക്ക്പിറ്റിലക്ക് പ്രവേശിക്കുകയായിരുന്നു. നടന്റെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിമാനജീവനക്കാരാണ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതും എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറിയതും. ഷൈന്‍ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്സീനുലാല് സംവിധാനം ചെയ്ത ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. തിരിച്ചു നാട്ടിലേക്ക് വരാന്‍ വേണ്ടി വിമാനത്തില്‍ കയറിയപ്പോഴാണ് നടന്റെ അതിക്രമം.
സംഭവം നടക്കുന്ന സമയത്തു ഷൈന്‍ ടോമിനൊപ്പം ഭാരത് സര്‍ക്കസിന്റെ അണിയറ പ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നാണു വിവരം. നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും സംഘത്തിലെ മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തിരികെ നാട്ടിലേക്ക് യാത്ര ചെയ്യാനായെന്നും വിവരമുണ്ട്.