അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന്‍ ജീവനൊടുക്കി

0
46

ഒറ്റപ്പാലം: അമ്മയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡില്‍ നായാടിക്കുഴിയില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതി അമ്മ (68) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ വിജയകൃഷ്ണനെ (ഉണ്ണി, 47) തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സരസ്വതി അമ്മയുടെ രണ്ടാമത്തെ മകന്‍ വിജയാനന്ദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടക്കരയിലെ ഭാര്യ വീട്ടിലായിരുന്ന വിജയാനന്ദ് രാവിലെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന താക്കോലുപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ സരസ്വതിയമ്മയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വിജയകൃഷ്ണന്‍ തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു.

രോഗത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സരസ്വതിയമ്മ കഴിഞ്ഞ 16നാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവ് റിട്ട. റെയില്‍വെ ജീവനക്കാരനായ വാസുമോഹന്‍ രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. അവിവാഹിതനായ വിജയകൃഷ്ണന് മാനസിക പ്രശ്‌നമുള്ളതായാണ് വിവരം.