എ.എസ്.ഐ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ തണ്ട സ്റ്റേഷനിലാണ് സംഭവം.
എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
മേല്‍ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് സതീഷ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോഷിയാര്‍പൂരിലെ ഹരിയാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച തണ്ട സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഓങ്കാര്‍ സിംഗ് തന്നെ അസഭ്യം പറഞ്ഞതായി സതീഷ് കുമാര്‍ ആരോപിക്കുന്നു.
”പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ കുറിച്ച് എസ്.എച്ച്.ഒ ചോദിച്ചു. താന്‍ കൈകാര്യം ചെയ്യുന്നത് ഒരു കേസ് മാത്രമാണെന്നും, മറ്റ് കേസുകളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് ചോദിച്ചറിയണമെന്നും അദ്ദേഹത്തോട് പറഞ്ഞു.” – സതീഷ് വീഡിയോയില്‍ പറയുന്നു.
‘ഉത്തരത്തില്‍ തൃപ്തനാകാത്ത എസ്എച്ച്ഒ അസഭ്യം പറയാനും, അപമാനിക്കാനും തുടങ്ങി. കരണമില്ലാതെയാണ് എന്നെ അപമാനിച്ചത്. ജീവിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ സ്വയം ജീവന്‍ ഒടുക്കുന്നു.”- സതീഷ് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ സ്റ്റേഷനില്‍ തന്റെ കസേരയിലിരുന്ന് സര്‍ക്കാര്‍ റിവോള്‍വര്‍ ഉപയോഗിച്ച് സതീഷ് നെറ്റിയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വീഡിയോയ്ക്ക് പുറമേ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സംഭവം അറിഞ്ഞ് സ്റ്റേഷന് അകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജീവനൊടുക്കിയ എഎസ്‌ഐ സതീഷ് കുമാറിന്റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനില്‍ എത്തി.
മൃതദേഹം കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒയെ മാറ്റിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.