അധ്യാപികയുടെ അടിയേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ചു

0
71

വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഔറിയയിലാണ് സംഭവം. സെപ്റ്റംബര്‍ ഏഴിനാണ് നിഖില്‍ ദ്രൊഹ എന്ന ദളിത് വിദ്യാര്‍ത്ഥിയെ സാമൂഹ്യശാസ്ത്രാധ്യാപിക അടിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനമേറ്റതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരിച്ചത്. അധ്യാപിക കുട്ടിയുടെ ചികിത്സയ്ക്കായി സഹായങ്ങള്‍ നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 24ന് നിഖില്‍ ദ്രൊഹയുടെ പിതാവ് രാജു ദ്രോഹ അച്ചാല്‍ഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചികിത്സയില്‍ സഹകരിക്കാത്തതിന്റെ പേരിലും ജാതി സൂചിപ്പിക്കുന്ന അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരിലുമാണ് കേസ് കൊടുത്തത്. ചികിത്സക്കിടെ നിഖില്‍ മരിച്ചതിനേത്തുടര്‍ന്ന് അശ്വിനി സിങ് എന്ന അധ്യാപികക്കെതിരെ അച്ചാല്‍ഡ പൊലീസ് മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്.