മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി പ്രതികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ദിഖിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടര്‍ ഉപയോഗിച്ചായിരുന്നു ശരീരം രണ്ടു കഷണങ്ങളായി മുറിച്ചു മാറ്റിയത്. തുടര്‍ന്ന് മൃതദേഹം ട്രോളിബാഗിലാക്കി ചുരത്തിലെ കൊക്കയില്‍ തള്ളി.
നെഞ്ചിനേറ്റ കനത്ത ചവിട്ടാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടെന്നും തലയ്ക്ക് അടിയേറ്റ പാടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. കാലുകള്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് മുറിച്ചു മാറ്റിയത്. ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടിയത്.
അരയ്ക്ക് കീഴ്പ്പോട്ടും മേല്‍പ്പോട്ടുമുള്ള ഭാഗങ്ങള്‍ വസ്ത്രത്തോടെ മുറിച്ച നിലയിലാണ് ബാഗുകളില്‍ നിറച്ചിരുന്നത്. അതേസമയം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ല ഇതെന്നാണ് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാന്‍ പ്രതികള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ സിദ്ധിഖ് കൊല്ലപ്പെട്ടപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ ചെയ്തതാവാമെന്നാണ് ഇപ്പോഴത്തെ സംശയം. ചെറുപ്പളശ്ശേരി സ്വദേശി ഷിബിലി, സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കൊല നടത്തിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലില്‍നിന്ന് പ്രതികള്‍ പുറത്തേക്കു പോകുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വസ്ത്രവില്‍പനശാലയിലെ സി.സിടിവി ക്യാമറിയില്‍ നിന്നു കിട്ടി. 19ന് ഉച്ചകഴിഞ്ഞ് 3.09നും 3.19നും ഇടയില്‍ ട്രോളി ബാഗുകള്‍ കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളില്‍. വെള്ളനിറമുള്ള കാറിലാണ് ബാഗുകള്‍ കയറ്റിയത്. കാര്‍ പാര്‍ക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയില്‍ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി എത്തുന്നു. ഈ ട്രോളി ബാഗും കാറില്‍ കയറ്റിയ ശേഷം ഫര്‍ഹാന ഡിക്കി പരിശോധിക്കുന്നുണ്ട്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറുന്നതും കാര്‍ മുന്നോട്ടുനീങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍.