പക്ഷാഘാതം ഉണ്ടായിട്ടും 48 യാത്രക്കാരെയും സുരക്ഷിതരാക്കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു

0
172

കോഴിക്കോട്: യാത്രക്കാരുമായി സഞ്ചരിക്കവെ പക്ഷാഘാതം ഉണ്ടായിട്ടും മനോധൈര്യം കൈവിടാതെ കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ഡ്രൈവര്‍ മരിച്ചു. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് മരിച്ചത്. 48 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്. പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

നവംബര്‍ 20 ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും പുറപ്പെട്ട ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജേഷിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
കടുത്ത വേദനയനുഭവപ്പെട്ടിട്ടും ബസ് നിര്‍ത്തിയ ശേഷമാണ് സിജേഷ് കുഴഞ്ഞ് വീണത്. വാഹനം നിന്നതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും വിവരമറിഞ്ഞത്.

സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.