കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും പേരക്കുട്ടിയും മരിച്ചു

0
54

തൃശൂര്‍: വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും പേരക്കുട്ടിയും മരിച്ചു. ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ(60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചവരില്‍ മൂന്നുപേര്‍ അവശനിലയിലായിരുന്നു. മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു