മനാമ: ഹണിമൂണിന്റെ പേരില്‍ നവവധുവിനെ ബഹ്റിനിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് 10 വര്‍ഷം തടവ്. ബഹ്റൈന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും അയാളുടെ ആദ്യ വിവാഹത്തിലെ മകനും മറ്റൊരാളുമാണ് പ്രതികള്‍. സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ ഒരു നീക്കമായിരുന്നുവെന്ന് കോടതി കണ്ടെത്തി.
സിറിയയില്‍ വെച്ച് വിവാഹം നടത്തിയതിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരില്‍ ഇയാള്‍ സെപ്റ്റംബര്‍ 18 ന് യുവതിയെ ബഹ്റൈനിലെത്തിച്ചു. ശേഷം ഇവര്‍ ഒരു ഹോട്ടലിലേക്ക് പോകുകയും അവിടെ പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.