തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ മരിച്ചു.
കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് നിന്ന് ഇവര്‍ ട്രെയിനിലാണ് കൊരട്ടിയിലേക്ക് മടങ്ങിയത്. കൊരട്ടിയില്‍ ട്രെയിന്‍ സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചതാണ് ഇവര്‍ക്ക് വിനയായത്. ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു. ഒരാള്‍ പ്ലാറ്റ്ഫോമില്‍ തലയടിച്ച് വീഴുകയും മറ്റൊരാള്‍ ട്രെയിനിന് അടിയില്‍ പെടുകയുമായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമയത്ത് കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.
രാവിലെ പ്ലാറ്റ്ഫോമില്‍ എത്തിയ യാത്രക്കാരാണ് വിവരം അറിയിച്ചത്. എന്നാല്‍, ഇതിനോടകം തന്നെ ഇരുവരും മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.