അഹമ്മദാബാദ്: മകൻ ആത്മഹത്യ ചെയ്തത് മരുമകൾ ലൈംഗീക ബന്ധത്തിന് സമ്മതിക്കാത്തത് മൂലമാണെന്ന അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് യുവതിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഹമ്മദാബാദിലെ മണി നഗർ സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഗീതാപാർമർ എന്ന യുവതിക്കെതിരേ ഷഹേർ കോട്ട്ഡാ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം 22 മാസം കഴിഞ്ഞിട്ടും മകൻ സുരേന്ദ്ര സിൻഹയുമായി ലൈംഗീക ബന്ധത്തിന് യുവതി സമ്മതിച്ചിരുന്നില്ല. തുടർന്ന് വിഷാദം ബാധിച്ച മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. 55 കാരിയായ സുരേന്ദ്ര സിൻഹയുടെ മാതാവ് മ്യുലി പാർമറായിരുന്നു യുവതിക്കെതിരെ പരാതി നൽകിയത്.
2018 ഒക്ടോബറിലായിരുന്നു ആദ്യവിവാഹബന്ധം വേർപെടുത്തിയ സിൻഹ ആദ്യ രണ്ടുവിവാഹവും വേർപെടുത്തിയ ഗീതയെ വിവാഹം ചെയ്തത്. റെയിൽവേ ഉദ്യോഗസ്ഥനായ സിൻഹയുടെ ആലോചന വന്നപ്പോൾ ഗീതയും കുടുംബവും താത്പര്യത്തോടെ തന്നെയാണ് സമ്മതിച്ചത്.
ഒരിക്കൽ ഇവരുടെ മുറിയിൽ ചെല്ലുമ്പോൾ രണ്ടുപേരും രണ്ടു കിടക്കയിൽ കിടക്കുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോൾ ശാരീരികബന്ധത്തിന് അവൾ സമ്മതിക്കില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ ഗീത കരാറുണ്ടാക്കിയിരുന്നുവെന്ന് മകൻ പറഞ്ഞതായി ഗീത പറയുന്നു. മരുമകളുടെ ഈ വാശി മകനെ വിഷാദരോഗിയാക്കി തുടർന്ന് ഇരവരും തമ്മിൽ വഴക്ക് പതിവായി. ഒരിക്കൽ വലിയ വഴക്കുണ്ടായതോടെ ഗീത സ്വന്തം വീട്ടിലേക്ക് പോയി. സുരേന്ദ്ര സിൻഹ ഭാര്യയുടെ ഫോണും ബ്‌ളോക്ക് ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം വിഷാദരോഗത്തിന് അടിമയായ ഇദ്ദേഹം ജൂലൈ 27 വീട്ടുകാർ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് ഫാനിൽ കെട്ടിതൂങ്ങി ജീവനൊടുക്കുകയായിരുന്നു.